ആര്‍ക്കാണ് ചന്ദ്രശേഖര്‍ ആസാദിനെ പേടി?

Spread the love

“ഇത് ഞങ്ങളുടെ രാജ്യമാണ്. ഇത് ഛിന്നഭിന്നമാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ ഞങ്ങളായിരുന്നു എന്നതിനാല്‍ ഡോ. അംബേദ്കര്‍ പറഞ്ഞതുപോലെ വീണ്ടും ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭരണാധികാരികളാവും (“This is our country and we will not let it split but as we were rulers of this country we will become the rulers of it again as Dr. Ambedkar had said“ ) ഇതായിരുന്നു ചന്ദ്രശേഖർ ആസാദ് രാവണൻ. യോഗി ആദിത്യനാഥിന്റെ ആര്‍ എസ് എസ് ഭരണണകൂടം ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും ആസാദ് റാവണനെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ഉത്തരം അദ്ദേഹത്തിന്റെ ഈ വാക്കുകളിലുണ്ട്. 2015 ലാണ് അദ്ദേഹം വിനയ് രത്ന സിംഗുമൊത്ത് ഭീം ആർമി രൂപീകരിക്കുന്നത്. വിദ്യാലയങ്ങളും സ്കൂളുകളും സ്ഥപിച്ച് സൗജന്യ വിദ്യാഭാസം നല്കി ദലിത് സംസ്കാരത്തെയേയും ചരിത്രത്തേയും തിരിച്ചു പിടിക്കുക, അധികാരം വീണ്ടെടുക്കുക എന്നതായിരുന്നു അവരുടെ പ്രഖ്യാപിത ലക്ഷ്യം. അറിവധികാരത്തിലൂടെ ജാതി വ്യവസ്ഥയുടേയും, ജാതിയുടെ അധികാര ബന്ധങ്ങളുടേയും ആണിക്കല്ല് ഇളക്കാന്‍ കഴിയുമെന്ന ഡോ. ബി ആര്‍ അംബേദ്കര്‍ എന്ന വലിയ പാഠം ചന്ദ്രശേഖര്‍ ആസാദ് റാവണനു മുന്നിലുള്ളിപ്പോള്‍ അവര്‍ക്ക് മറ്റൊന്ന് ആലോചിക്കേണ്ടിവന്നില്ല. ബ്രാമണിക്കല്‍ അധികാര വ്യവസ്ഥയുടെയും ആദിവാസികളെയും ദളിതരെയും ഇന്നും മനുഷ്യരായി പരിഗണിക്കാത്ത സവര്‍ണ്ണ ജാതീയതയുടെയും അടിവേരുകല്‍ ഇളക്കാന്‍ തങ്ങള്‍ മുന്നോട്ട് വെച്ച വിദ്യാഭ്യാസ സംബ്രദായരീതിക്കു കഴിയുമെന്ന് ഇന്ത്യയുടെ ജാതിക്കോട്ടയായ ഉത്തർപ്രദേശിൽ ഭീം ആർമി തെളിയിച്ചു. സവര്‍ണ്ണ സമുദായമായ ഠാക്കൂർമാരും പോലീസും ചേർന്ന് ദളിതരെ ആക്രമിക്കുകയും ദളിത് വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തപ്പോൾ ഭീം ആർമിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രതിരോധവും 2017 മെയ് 21 നു ജന്തർമന്തറില്‍ നടന്ന പടുകൂറ്റന്‍ റാലിയും ഹിന്ദു മതത്തെ ഉപേക്ഷിക്കുമെന്ന പ്രഖ്യാപനവും അതിന്റെ തെളിവായിരുന്നു. ആര്‍ എസ് എസ് – സംഘപരിവാര്‍ – ഹിന്ദുത്വ വാദികളെ ഒട്ടൊന്നുമല്ല ഇത് ഭയപ്പെടുത്തിയത്.

2015 ജൂണില്‍ മാത്രം സ്ഥപിതമായ ഭീം ആർമി 2017 ജൂണില്‍ ചന്ദ്രശേഖർ ആസാദ് റാവണന്‍ അറസ്റ്റിലാകുമ്പോഴേക്കും 350 നു മുകളില്‍ സ്കൂളുകളും പതിനായിരക്കണക്കിനു പ്രവര്‍ത്തകരും ആയിക്കഴിഞ്ഞിരുന്നു. “പത്തോ ഇരിപതോ വര്‍ഷത്തേയ്ക്ക് അല്ല ഞങ്ങള്‍ നോക്കുന്നത്. വരുന്ന നൂറു വര്‍ഷത്തേയ്ക്ക് ആണു ” എന്ന ഭീം ആർമിയുടെ പ്രഖ്യാപനം സംഘപരിവാരങ്ങളേയും ഹിന്ദുത്വ വാദികളേയും ആകെ ഭയാശങ്കുലരാക്കി. 1925 ല്‍ ആരംഭിച്ച ആര്‍ എസ് എസ് തൊണ്ണൂറു വര്‍ഷക്കാലത്തെ “ചിട്ടയായ” പ്രവര്‍ത്തനം കൊണ്ടാണു ജാതീയവും വംശീയതയും നിറഞ്ഞ ഇന്നു കാണുന്ന ഫാസിസ്റ്റ് ഭരണകൂടം കെട്ടിപ്പടുത്തത്. ഈ ചരിത്രമറിയാവുന്ന സംഘപരിവാർ ശക്തികൾക്ക് ചന്ദ്രശേഖര്‍ ആസാദ് രാവണന്‍ ജയിലില്‍ കിടക്കേണ്ടതും ഭീം ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കേണ്ടതും അവരുടെ ഏറ്റവും പ്രധാന അജണ്ടയായി മാറി. ഒറ്റ മാർഗ്ഗമേ അവർക്കു മുന്നിൽ ഉണ്ടായിരുന്നുള്ളു. കരുത്തുറ്റ നേതാവ് ചന്ദ്രശേഖർ ആസാദിനെ എങ്ങനേയും ജയിലിലടക്കുക. ഭീം ആർമിയുടെ പ്രവർത്തനങ്ങൾ വിഘടനവാദപരവും ദേശവിരുദ്ധവുമാണെന്ന് ആക്കിത്തീർക്കുക. ഫാസിസ്റ്റ് സ്റ്റേറ്റ് അതിന്റെ മെക്കാനിസം ഉപയോഗിച്ചു കൊണ്ട് ഈ അജണ്ട നടപ്പിലാക്കുകയാണിപ്പോൾ. പക്ഷെ നീതിക്കായ് ശബ്ദമുയര്‍ത്തുന്ന ദളിത്-ആദിവാസികൾക്ക് , സാമൂഹിക നീതിയെ സ്വപ്നം കാണുന്നവര്‍ക്ക്, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ചന്ദ്രശേഖർ ആസാദ് റാവണൻ ജയിൽ മോചിതനാക്കേണ്ടതും ഭീം ആർമിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതും അടിയന്തിര രാഷ്ട്രീയ ആവശ്യമായി തീർന്നിരിക്കുകയാണ്. ഇനിയുള്ള പോരാട്ടങ്ങൾ അതിനായി നാം ശക്തിപ്പെടുത്തേണ്ടതുണ്ട്.

കെ. സന്തോഷ് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *